The great indian kitchen: A simple but painful slap

ഞാൻ രാവിലെ എഴുന്നേറ്റു…അപ്പുറത്തെ ടേബിളിൽ നോക്കി… ചായ ഇല്ല… “ഈ അമ്മയോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ…അമ്മേ ചായ എവിടെ??? “
“നീ എഴുന്നേറ്റോ??? ഞാൻ ഇവിടെ അടിച്ചു വാരുവായിരുന്നു…ഇപ്പോ കൊണ്ടുവരാം… “
അടിച്ചു വാരിയ ചൂൽ അവിടെ ചാരി വച്ചു അമ്മ ചായേം കൊണ്ടു വന്നു…
“നീ കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ്‌ അവിടെ വച്ചേക്കു…ഞാൻ മുറ്റം അടിച്ചു തീർത്തു വന്നു കഴുകി വച്ചോളാം” അമ്മ അതും പറഞ്ഞു വീണ്ടും മുറ്റത്തേക്കിറങ്ങി…
ഞാൻ എണിറ്റു പല്ലുതേച്ചു കുളിച്ചു കഴിക്കാൻ വന്നിരുന്നു…”അമ്മേ ഇന്നെന്താ കഴിക്കാൻ??? “
“ഇഡലി…”
ദിവസങ്ങൾ നീണ്ട പുട്ടു ജീവിതത്തിൽ നിന്നൊരു മോചനം…ആഹാ…
“അമ്മേ വേഗം കൊണ്ടുവാ…” എന്നും പറഞ്ഞു ഞാൻ ടേബിളിൽ താളം കൊട്ടി കൊണ്ടിരിന്നു…അതിനിടയിൽ തന്നെ ആവി പറക്കുന്ന ചൂടൻ ഇഡലി ടേബിളിൽ എത്തി… അതിലേക്കു നല്ല ചൂട് ചട്ന്നി ഒഴിച്ചു ഒരുപിടി അങ്ങു പിടിച്ചു… ആഹാ സൂപ്പർ… ഇതൊക്കെ അമ്മേനെ കൊണ്ടുതന്നെ സാധിക്കു…അമ്മ പൊളിയല്ലേ എന്നൊരു കോംബ്ലിമെന്റും പാസ്സാക്കി കഴിച്ചു തീർത്തു ഞാൻ എണിറ്റു…കൈകഴുകുന്നതിനിടയിൽ എവിടെയോ അമ്മ പറയുന്ന കേട്ടു “എന്തോന്നാടാ ഇത്… നിനക്ക് മര്യാദക്കു തിന്നൂടെ… നീ പ്ലേറ്റിനാണോ ടേബിളിനാണോ തിന്നതു…”

സാറ്റർഡേ ആയതുകൊണ്ടും പ്രേത്യേകിച്ചു പണിയോന്നും ഇല്ലാത്തതുകൊണ്ടും ഏതു സിനിമ കാണണം എന്ന കൺഫ്യൂഷനിൽ നിന്നും  “ദി  ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ” എന്ന സിനിമ കാണാം എന്ന് വിചാരിച്ചു…ഒരു ഫാമിലി ഡ്രാമ ആണെന്ന ഐഡിയ ട്രൈലെറിൽ നിന്നു കിട്ടിയിരുന്നു…പിന്നെ സുരാജേട്ടനും നിമിഷയും ഉള്ള വളരെ പ്രോമിസിങ് ആയ ഒരു കാസ്റ്റ് ഉള്ളതുകൊണ്ടുകൂടിയാണ് കാണാമെന്നു തീരുമാനിച്ചത്…

സിനിമ തുടങ്ങി…ദോ ഡേ തുടക്കം തൊട്ടേ കുക്കിംഗ്‌… പിന്നെയും കുക്കിംഗ്‌…ഇതെന്തോന്നാടെ കുക്കിംഗ്‌ മാത്രെ ഉള്ളോ…??? ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വളരെ പെട്ടന്നായിരുന്നു ആ അരി വേവുന്ന അടുപ്പ് ഒരു കൊല്ലന്റെ ചൂളയായത്…അതിലുണ്ടാക്കുന്ന ഓരോ ആയുധവും എന്റെ ചിന്തകളെ മുറിപ്പെടുത്തിയത്…

1മണിക്കൂർ 49മിനിറ്റ്… ഹോ ഇതൊരു സിനിമയാണോ??? അതോ ഒരു വിപ്ലവമോ???  ഇത്രയും നേരം ആ അടുപ്പിൽ കിടന്നു കത്തിയെറിഞ്ഞത് ഞാനും നീയും കൊണ്ടുനടന്ന മേനി നടിപ്പിന്റെ അടിവേരുകളല്ലേ???

ഒരു വരിയിൽ വിശേഷിപ്പിക്കുകയാണെങ്കിൽ “a simple but painful slap”…ആർഷ കേരളം കൊണ്ടുനടക്കുന്ന സൊ കാൽഡ് പുരുഷ മേതാവിതത്തിന്റെ കരണകുറ്റിക്കു കിട്ടിയ നല്ലൊന്നാംതരം തല്ല്…

ഒരു മദ്യവർഗ കുടുംബം അവിടുത്തെ അടുക്കള ഈ സമൂഹത്തെ എങ്ങനെ പ്രതിധാനം ചെയ്യുന്നു എന്ന് അടിവരയിട്ട് കാണിച്ചു തരുന്നുണ്ട് ഈ സിനിമ.കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കുഞ്ഞു ദൈവം തുടങ്ങിയ ചിത്രങ്ങളുടെ ശില്പിയായ ജിയോ ബേബിയാണ് “ഈ മഹത്തായ ഭാരതീയ അടുക്കളയിലെയും പാചകക്കാരൻ” പക്ഷെ ഈ അടുക്കളയിൽ പുള്ളി കുക്കിയുന്നത്  കുലപുരുഷൻ നിർത്തിപ്പൊരിച്ചതും കുലസ്ത്രി ഫ്രയും ആണെന്നു മാത്രം…

ഈ സമീപകാലത്തു കുറെ പ്രശ്നങ്ങളുണ്ടാക്കിയ ശബരിമല വിഷയത്തിലും വ്യക്തമായ ഒരു നിലപാട് എടുക്കുണ്ട് ഈ സിനിമ…”we ready to wait” എന്ന ബോർഡും പിടിച്ചിരിക്കുന്ന സ്ത്രീകളുടെ മുൻമ്പിലൂടെ നായിക കഥാപത്രം സ്വയം സ്വാന്തത്ര്യത്തോടെയും സ്വാഭിമാനത്തോടെയും നടന്നുപോകുന്നത് വെറുതെയല്ല…അവരെ പോലും തങ്ങളുടെ ഭാഗത്തെ തെറ്റും ശരികളും ചിന്തിക്കാൻ പ്രാപ്തരാകുന്നതാണ് ഈ സിനിമ…

അഭിനയിച്ചവരെല്ലാം അവരുടെ കഥാ പാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു…സുരാജും നിമിഷയും എടുത്തു പറയത്തക്ക രീതിയിൽ തന്നെ അഭിനയിച്ചിരിക്കുന്നു…അണിയറ പ്രവർത്തകർക്കെല്ലാർക്കും ഒരു നിറഞ്ഞ കയ്യടി… ഒരു വിപ്ലവത്തിനു ചുക്കാൻ പിടിച്ചതിന്.

“ഡാ നിനക്ക് ചോറെടുക്കട്ടെ ഉച്ച ആയ്യല്ലോ” അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു ചോദിച്ചു…
“ഞാനെടുക്കാം അമ്മേ ” ഞാൻ അടുക്കയിൽ പോയി ചോറ്  എടുത്തു ടേബിളിൽ വന്നിരുന്നു… ആ കരണ കുറ്റിക്കു കിട്ടിയതിന്റെ ചെറിയൊരു പാട്‌ എന്റെ കവിളിലും ഉണ്ടായിരുന്നു… ഇങ്ങനെ ഒരുപാടു പേരുടെ ജീവിതത്തിൽ ചെറിയ ഒരു മാറ്റമെങ്കിലും ഈ സിനിമക്കു ഉണ്ടാക്കാൻ സാധിക്കട്ടെ…
ടേബിളിൽ വിരിച്ച ന്യൂസ്‌ പേപ്പറിൽ ഒരു ന്യൂസ്‌ കണ്ടു “Salary for housewives! Time has come says Kamal Haasan”

ചിലർ ഒറ്റമുണ്ട് കൊണ്ടു വിപ്ലവം തീർക്കുന്നു… ചിലർ ആയുധംകൊണ്ട് ;ചിലർ അക്ഷരം കൊണ്ട് ;ചിലർ സിനിമ കൊണ്ടും.

#TheGreatIndianKitchen #TheGreatIndianKitchenReview