##

ഈ ചൈനീസ് പ്രോഡക്റ്സിന് ഒരു പ്രത്യേകത ഉണ്ട്. ആർക്കും അതിന്റെ ഗുണനിലവാരം മനസിലാക്കുവാൻ സാധിക്കില്ല. എപ്പോൾ വേണമെങ്കിലും സാധനം അടിച്ചു പോകാം. ഒരു ചൈനീസ് പ്രോഡക്റ്റ് വാങ്ങുന്നത് എപ്പോളും റിസ്ക് തന്നെയായിരിക്കും. ഇട്ടിമാണിയും ഒന്നാംതരം ചൈനീസ് പ്രോഡക്റ്റ് തന്നെയാണ്. ഒരു ഗുണനിലവാരവും ഇല്ലാത്ത ഒരു തട്ടിക്കൂട്ടു ഐറ്റം .

തിരക്കഥ ഇല്ലാതെ കോമഡി മാത്രം കുത്തികയറ്റിയാൽ അത് എങ്ങനെ ഒരു നല്ല ചിത്രമാകും? കാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ചിത്രം കൈകാര്യം ചെയുന്നത്. എന്നാൽ ആ വിഷയം അവതരിപ്പിച്ച രീതിയോടാണ് വിയോജിപ്പ് തോന്നുന്നത്. ശക്തമായ തിരക്കഥ ഉണ്ടായിരുന്നെങ്കിൽ ചിത്രത്തിന്റെ ടോട്ടൽ outcome തന്നെ മറ്റൊന്നായേനെ. ചിരിക്കാൻ ഉള്ള വക ചിത്രം തരുന്നുണ്ട്. എന്നാൽ കാമ്പ് ഇല്ലാത്ത തിരക്കഥ ആസ്വാദനത്തെ നല്ല പോലെ ബാധിക്കും. ചില രംഗങ്ങൾ വലിച്ചു നീട്ടിയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്.

ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന കളർ ടോൺ ആസ്വാദനത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്. അതുപോലെ സംഗീതം ശരാശരിക്കും താഴെയാണ്. ഇരട്ട സംവിധായകർ കുറച്ചു കൂടെ തിരക്കഥയിൽ വർക്ക് ചെയ്തിരുന്നു എങ്കിൽ ചിത്രം ഇതിലും മികച്ചു നിന്നേനെ. മോഹൻലാൽ അദ്ദേഹത്തിന്റെ റോൾ ഭംഗിയാക്കി. ലാൽ സിദ്ധിഖ് കോമഡി രംഗങ്ങളിൽ മികച്ചു നിന്നു.

ക്ലൈമാക്സിനു ശേഷവും വലിച്ചു നീട്ടി നായകന്റെ നന്മ നിറഞ്ഞ ജീവിതം കാണിച്ചത് സ്ഥിരം ക്ലീഷേ ആയി പോയി. അത് പോലെ തന്നെ തൃശ്ശൂർ സ്ലാങ് ഇടക്ക് വെച്ച് മറന്നു പോയിട്ട് പിന്നെ ക്ലൈമാക്സിൽ ആണ് അതോര്‍ത്തത്. എന്തു കൊണ്ടും ഒരുപാടു നന്നാക്കാമായിരുന്ന ഒരു ചിത്രം ആയിരുന്നു ഇത്. സംവിധായകരുടെ അലസത കൊണ്ടാണ് ആവേർജ് സ്റ്റാറ്റസിൽ ഒതുങ്ങേണ്ടത് വന്നത്.

നല്ല ഒരു തിരക്കഥ ഇല്ലാതെ, കോമഡി മാത്രം നിറച്ച് കാലിക പ്രസക്തിയുള്ള വിഷയം പ്രേക്ഷകരിലേക്ക് വേണ്ട പോലെ കമ്യൂണിക്കേറ്റ് ചെയ്യാൻ ഇട്ടിമാണിക്ക് സാധിച്ചില്ല. ഈ അവധിക്കാലത്തു കുറച്ചു ചിരിക്കാൻ വേണ്ടിയാണെങ്കിൽ ഒരു തവണ വേണമെങ്കിൽ ഇട്ടിമാണിക്ക് ടിക്കറ്റ് എടുകാം .