തന്റെ സ്ഥിരം തട്ടകത്തിൽ നിന്നും മാറി കുറച്ചു പരീക്ഷണങ്ങൾ നടത്തി, ഒരു പരിധി വരെ അതില്‍ പരാജയമായി മാറി വീണ്ടും തന്റെ ആ പഴയ തട്ടകത്തിലോട്ടുള്ള നിവിന്റെ തിരിച്ചു വരവാണ് ലവ് ആക്ഷൻ ഡ്രാമ.

ധ്യാൻ ശ്രീനിവാസിന്റെ പ്രഥമ സംവിധാന സംരംഭം എന്നത് കൊണ്ടും , നയൻതാര വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്നത് കൊണ്ടും അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷക മനസ്സിൽ ആകാംക്ഷ നിറച്ച ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ആ പ്രതീക്ഷകളോട് ഒരു പരിധി വരെ ചിത്രം നീതി പുലർത്തുന്നു.

ഫ്ളാഷ്ബാക്കും കറന്റ് സിറ്റുവേഷനുമെല്ലാം പ്രീക്വൽ ആയും സീക്വൽ ആയും കഥപറഞ്ഞെങ്കിലും, തിരക്കഥക്ക് വ്യാപ്തി ഇല്ലാതെ പോയത് ഇടക്കെങ്കിലും ആസ്വാദനത്തിനെ ബാധിക്കും. ചിത്രത്തിന്റെ പ്രധാന ഘടകങ്ങളായ ദിനേശനും ശോഭയുമായിട്ടുള്ള പ്രണയത്തിന് പ്രേക്ഷകനെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നത്തെ യുവതലമുറയുടെ ഫാമിലി പ്രോബ്ലംസ് പ്രതിപാദിച്ചു പോകുന്നത് അല്ലാതെ ഒരു വ്യക്തമായ ചിത്രം നലകുന്നില്ല.

ദിനേശന്റെ കഥാപാത്രത്തിന്റെ വ്യക്തത എന്തു കൊണ്ടോ ശോഭയുടെ കഥാപാത്ര സൃഷ്ടിയിൽ കണ്ടില്ല. ധ്യാൻ തന്നെ തിരക്കഥ രചിച്ച ഗൂഢാലോചന എന്ന ചിത്രത്തിന്റെയും പോരായ് തിരക്കഥയിലെ വ്യാപ്തി ഇല്ലായ്മ തന്നെയായിരുന്നു. ശ്രീനിവാസൻ തിരക്കഥകളുടെ ഭംഗി ഒരു പരിധി വരെ വിനീത് ചിത്രങ്ങളിൽ കാണുവാൻ കഴിയും. സമീപ ഭാവിയില്‍ ആ ഭംഗി ധ്യാനിനും ലഭിക്കും എന്ന് വിശ്വസിക്കാം.

തിരക്കഥയിലെ പോരായ്മകള്‍ സംവിധായക മികവ് കൊണ്ട് ധ്യാൻ മറികടന്നിട്ടുണ്ട്. ഒരു തുടക്കക്കാരന്റെ പതർച്ചയോ ഇടര്‍ച്ചയോ എങ്ങുമില്ല . ജോമോൻ ടി ജോണിന്റെ ഫ്രെയിം, അതോടൊപ്പം തന്നെ ചിത്രത്തിന്റെ കളർ ടോൺ ഫെസ്റ്റിവൽ സീസൺ മൂഡ് പ്രധാനം ചെയുന്നതായിരുന്നു. ഷാൻ റഹ്മ്മാൻറെ സംഗീതവും ഒരു തട്ടുപൊളിപ്പൻ ചിത്രത്തിന് വേണ്ട മൂഡ് കീപ് ചെയ്തു .

അവധി കാലങ്ങളിൽ കുടുംബങ്ങളെ സ്വീകരിക്കാൻ വേണ്ട എല്ലാ ചേരുവകയും കൂടി തയാറാക്കിയ ഒരു ഉത്സവകാല ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. കുടുംബമായി ഇരുന്നു കണ്ട് ആസ്വദിക്കാം. നിവിൻ പോളിയുടെ തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. അതോടൊപ്പം തന്നെ കുറച്ചു കാലങ്ങൾക് ശേഷം അജുവിന്റെ വെറുപ്പിക്കാത്ത ഒരു കഥാപാത്രവും LAD തന്നു .

അഛന്റെ ആദ്യ സംവിധാന സംരംഭത്തിലെ പ്രധാന കഥാപാത്രങ്ങൾ തന്നെ മകന്റെ ചിത്രത്തിലും വന്നത് തികച്ചും യാദ്രിശ്ചികം അല്ല ………