നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് സ്നേഹപൂർവം നമ്മൾ വിളിക്കുന്ന നമ്മുടെ സ്വന്തം മോഹൻലാൽ . കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നമ്മുടെ ഏട്ടനായി നമ്മുടെ നെഞ്ചിൽ കുടിയിരിക്കുകയാണ് മോഹൻലാൽ എന്ന മഹാ നടൻ . കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ലാലേട്ടൻ എന്ന് ഒരേ സ്വരത്തിൽ വിളിച്ചു ആഘോഷിക്കുന്ന, ലോക സിനിമയ്ക്ക് ഇന്ത്യ നൽകിയ വിലമതിക്കാൻ കഴിയാത്ത ഒരു അതുല്യപ്രതിഭ. ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ എന്ന് നിസംശയം ഈ മനുഷ്യനെ നമ്മുക്ക് വിശേഷിപ്പിക്കാം. അത്ര മാത്രം തന്മയത്വത്തോടു കൂടിയാണ് ഓരോ കഥാപാത്രങ്ങളെയും അദ്ദേഹം പ്ലേസ് ചെയുന്നത്. നാച്ചുറൽ ആക്റ്റിംഗിന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണ് മോഹൻലാൽ.

1970കളുടെ അവസാനം തോളും ചെരിച്ച് ആ മനുഷ്യൻ നടന്നു കയറിയത് നമ്മുടെ ഒക്കെ ഹൃദയങ്ങളിലേക്കാണ്. വില്ലനായി തുടങ്ങി നായകനായി അരങ്ങു തകർത്ത, “തകർത്തു”കൊണ്ടിരിക്കുന്ന ഒരു അത്ഭുത ജിന്ന് .

മലയാള സിനിമക്ക് സ്വപ്നം കാണാൻ കഴിയുന്നതിനും അപ്പുറമായിരുന്ന ബജറ്റ് ഏറ്റെടുക്കാന്‍ നമ്മുടെ നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നൽകിയ ഒരു പ്രധാന ഘടകം ഇപ്പോഴത്തെ ലാൽ സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനം തന്നെയാണ്. 100 കോടി ക്ലബ്ബിനെ നമ്മുക്ക് സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഒരു ഘടകം മോഹൻലാൽ എന്ന നടൻ തന്നെയാണ് . ഒരു മലയാള സിനിമ സ്വപ്നം കണ്ടതിനും എത്രയോ മുകളിൽ ആയിരുന്നു ലൂസിഫർ എന്ന ചിത്രത്തിന്റെ ബിസിനസ് . മോഹൻലാൽ എന്ന ഒറ്റ ബ്രാൻഡ് നെയിം ആണ് ഇതിന്റെ എല്ലാം “USP”. ഇനി വരാൻ പോകുന്ന ചിത്രങ്ങൾ എല്ലാം തന്നെ ബിഗ് ബഡ്ജറ്റുകൾ ആണ് , മലയാള സിനിമയുടെ ഈ മാറ്റത്തിനു വഴി തെളിച്ച വ്യക്തിയാണ് മോഹൻലാൽ .

എന്നും നാച്ചുറൽ ആക്ടിങ്ന്റെ യൂണിവേഴ്സിറ്റി ആണ് ലാലേട്ടൻ . ഷോട്ടുകള്‍ക്ക് അദ്ദേഹം നൽകുന്ന ഇൻപ്രൊവൈസേഷൻ ദശരഥത്തിലൂടെയും, തന്മാത്രയിലൂടെയും ഒക്കെ നമ്മൾ കണ്ടതാണ് . എന്നും മികച്ച കഥാപാത്രങ്ങളെ നമ്മുക്ക് ലാലേട്ടനിലൂടെ ലഭിച്ചു. വില്ലനായി വന്നു നമ്മുടെ മനസ്സ് കീഴടക്കിയ വിൻസെന്റ് ഗോമസും , വാണിജ്യ സിനിമ നായകൻമാരുടെ തല തൊട്ടപ്പനായ സാഗർ ഏലിയാസ് ജാക്കിയും പിന്നെ 90കളുടെ അവസാനം പരമേശ്വരനായും , ഇന്ദുചൂടനായും , മുരുകനായും എല്ലാം വന്നു നമ്മളെ വിസ്മയിപ്പിച്ചു.

വാണിജ്യ സിനിമകൾക്കു പുറകെ മാത്രം പോകാതെ രമേശനായും , ശിവൻകുട്ടിയായും , മാഞ്ഞൂരാനായും പ്രേക്ഷകന് ഒരു ചെറു നൊമ്പരം തരുന്ന കഥാപാത്രങ്ങളായും നമ്മളെ വിസ്മയിപ്പിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കോംബോകളിലൂടെ നമ്മുടെ ഒക്കെ ബാല്യകാലം അവിസ്മരനീയമാക്കിയതിൽ ലാലേട്ടന്റെ പങ്ക് വലുതാണ് .

മോഹൻലാൽ എന്ന നടന്റെ വളർച്ച വിലയിരുത്തുകയാണെങ്കിൽ തുടക്ക കാലം മുതൽ 90കളുടെ അവസാനം വരെ അദ്ദേഹത്തിന്റേതായ ഓരോ കഥാപാത്രങ്ങളും അതതു കാലഘട്ടത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു. തൊഴിൽ രഹിതനായ ചെറുപ്പക്കാരനും, സംരംഭം തുടങ്ങാൻ വന്നു സർവവും നശിച്ചു പോകുന്ന യുവ തലമുറയുടെ പ്രതീകമായും, നിലനില്പിനായി നിയമം കൈയിൽ എടുക്കേണ്ടി വരുന്നതും എല്ലാം നമ്മൾ അഭ്രപാളിയിൽ കണ്ട കഥാപാത്രങ്ങളാണ്. എന്നും വൈകാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ ആണ് മോഹൻലാൽ. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇപ്പോൾ മുപ്പതാം വർഷം ആഘോഷിക്കുന്ന, തിരശീലയിൽ വന്ന് നമ്മളെ അത്ഭുതപ്പെടുത്തിയ, കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രം. എത്ര റിയലിസ്റ്റിക് ആയിട്ട് ആണ് ശക്തനായ എതിരാളിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയാത്ത നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്റെ നിസ്സഹായ അവസ്ഥ അദ്ദേഹം നടിച്ചത്. അതുപോലെ തന്നെ തന്മാത്രയിലെ രമേശ് എന്ന കഥാപാത്രം, അൽഷിമേഴ്‌സ് രോഗത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ എത്ര മാത്രം ഭീകരമാണെന്നു കാണിച്ചു തന്നു. ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത വില്ലനിലെ ചിരിച്ചു കൊണ്ട് കരയുന്ന മാഞ്ഞൂരാൻ, അങ്ങനെ എത്രയോ കഥാപാത്രങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് തിരക്കഥാകൃത്തും സംവിധായകനും ചിന്തിക്കുന്നതിനും കാണുന്നതിനും അപ്പുറം എത്തിക്കാൻ മോഹൻലാൽ എന്ന നടന് സാധിച്ചു . എന്തോ വില്ലൻ എന്ന ചിത്രം ധാരാളം നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയെങ്കിലും ബോക്സ് ഓഫീസിൽ ഒരു പരാജമായി മാറി . മോഹൻലാൽ എന്ന നടന്റെ സിനിമ ജീവിതത്തിലെ മികച്ച ഒരു പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ . ഇന്ത്യൻ സിനിമയിൽ ഒരു വൈകാരിക രംഗം ഇത്ര സിമ്പിൾ ആയി പ്രേക്ഷനോട് സംവദിക്കാൻ പറ്റുന്ന മറ്റു നടൻമാർ ഉണ്ടോ എന്നു തന്നെ സംശയമാണ്.

അത് പോലെ തന്നെയാണ് ബ്ലസിയുടെ ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി. ചിത്രം കണ്ടു കഴിഞ്ഞു ഇറങ്ങുമ്പോളും നമ്മുടെ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു നൊമ്പരം ആ കഥാപാത്രത്തിലും ഉണ്ട് . ഈ വികാര വിസ്‌ഫോടനകൾ ഒക്കെ തന്നെയും അതിന്റ വ്യാപ്തിയും പരപ്പും ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകനുമായി സംവദിക്കാൻ പറ്റുന്നു എന്നിടത്താണ് മോഹൻലാൽ എന്ന നടന്റെ അഭിയന മികവു എത്ര മാത്രം ഉണ്ട് എന്ന് നമ്മൾക്ക് മനസിലാകുന്നത് . വൈകാരിക രംഗങ്ങളിൽ മോഹൻലാൽ എന്ന നടന്റെ മനസും ശരീരവും ഒന്നാകുന്ന പ്രഹേളിക പല സംവിധായകരും പരാമര്‍ശിച്ചിട്ടുള്ളതാണ്. ടേക്കിനു തൊട്ടു മുൻപ് വരെ കളിച്ചും ചിരിച്ചും ഇരുന്ന മനുഷ്യൻ ഞൊടിയിടയിൽ എങ്ങനെ ഒരു കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നു എന്നുള്ളത് ഒരു വിസ്മയം തന്നെയാണ് . കൈവിരലുകൾ മുതൽ കൺപീലികളിൽ വരെ കഥാപാത്രത്തിന്റെ പരായക പ്രവേശം എങ്ങനെ സംഭവിക്കുന്നു എന്ന് ഉള്ള ചോദ്യത്തിനും എന്നും ഒരു ചെറു പുഞ്ചിരി മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി . എന്തോ ഒരു ഡിവൈൻ ടച്ച് മോഹൻലാൽ അനശ്വരമാക്കിയ ഓരോ കഥാപാത്രത്തിലും ഒളിഞ്ഞ് കിടപ്പുണ്ട് .

2000 ശേഷം ബ്ലെസി മാത്രമാണ് ഒരു പരിധി മോഹൻലാലിലെ നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ട് ഉള്ളത് . ഭ്രമരം കൂടാതെ പ്രണയത്തിലെ മാത്യൂസ് ഒരു മികച്ച കഥാപാത്ര സൃഷ്‌ടിയായിരുന്നു . വോയിസ് മോഡുലേഷനും , സ്ട്രോക്ക് വന്ന ഒരു വ്യക്തിയുടെ ചലങ്ങളും എല്ലാം തന്നെ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രം ആയിരുന്നു . എന്നാൽ ചില കോണുകളിൽ നിന്നും മാത്യൂസ് എന്ന കഥാപാത്രം വിമർശനങ്ങളും നേരിടേണ്ടിയതായി വന്നു . ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഷാജൂൺ കാരിയാൽ സംവിധാനം ചെയ്ത വടക്കുംനാഥനിലെ ഇരിങ്ങണ്ണൂർ ഭരത പിഷാരടി എന്ന കഥാപാത്രവും ലാലിലെ നടനെ ചൂഷണം ചെയ്താണ് . മനസിന്റെ പിടിവിട്ട് പോകുന്ന മനുഷ്യന്റെ നേർചിത്രം വളരെ മികച്ച രീതിയിൽ അഭ്രപാളിയിൽ പ്രതിഫലിപ്പിക്കാൻ അദ്ധേഹത്തിനു സാധിച്ചു ,ചിത്രത്തിൽ ഉടനീളം പല മാനസിക തലങ്ങളിൽ കൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു ഭരത പിഷാരടി . രഞ്ജിത്തിന്റെ സ്പിരിറ്റിലും മോഹൻലാലിലെ നടനെ കാണുവാൻ പ്രേക്ഷകന് ഭാഗ്യം ലഭിച്ചു , അതിനു ശേഷം മോഹൻലാലിലെ നടനെ പരീക്ഷിക്കുന്ന ചിത്രങ്ങൾ നന്നേ കുറഞ്ഞു

മോഹൻലാൽ എന്ന നടനോട് മലയാളികൾ എത്ര മാത്രം അഡിക്ടഡ് ആണെന് അറിയുവാൻ ഇപ്പോൾ വരുന്ന സിനിമകളിലെ ലാലേട്ടൻ റഫറൻസുകൾ നോക്കിയാൽ മതി . അത്രമാത്രം നമ്മുടെ ഞരമ്പുകളിലെ ചോരയിൽ മോഹൻലാൽ എന്ന നടൻ അലിഞ്ഞു ചേർന്നിരിക്കുന്നു . ലാലേട്ടൻ നമ്മുടെ നെഞ്ചിനകത്താണ് .

എന്നാൽ ഇപ്പോൾ മോഹൻലാലിനെ നടനെ മുതലാകുന്ന കഥാപാത്രങ്ങളെ , അദ്ദേഹത്തിലെ നടനെ ചുഷണം ചെയുന്നതായോ ഉള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തുന്നില്ല . ഇപ്പോൾ തിരശീലയിൽ നമ്മളെ ആനന്ദിപ്പിക്കുന്ന ലാൽ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഒട്ടും വെല്ലുവിളി നിറഞ്ഞതും അല്ല , സത്യത്തിൽ ഇന്നത്തെ മലയാള സിനിമയുടെ നഷ്ടം തന്നെയാണ് ലാലേട്ടന്റെ അഭിനയത്തെ മുതലാക്കുന്ന ചിത്രങ്ങളുടെ വരൾച്ച .

മോഹൻലാൽ എന്ന നടനെക്കാള്‍ ഉപരി മോഹൻലാൽ എന്ന താരത്തിന്റെ പുറകെയാണ് ഇന്നത്തെ മലയാള സിനിമയുടെ യാത്ര. ഓരോ പുതിയ ചിത്രങ്ങളും ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കാണുന്നു . ഈ പ്രവണതകള്‍ മോഹൻലാൽ എന്ന നടനിലെ നടനെ നമ്മളിൽ നിന്നും അകറ്റുന്നു. മോഹൻലാൽ എന്ന സ്റ്റാർ മാത്രമാണ് ഇപ്പോളത്തെ പെര്‍ഫോമര്‍. നടൻ എന്ന നിലയിൽ ഉള്ള നല്ല പെര്‍ഫോര്‍മന്‍സുകള്‍ നമ്മൾക്കു നഷ്ടപ്പെടുന്നു. സൂപ്പർ സ്റ്റാർഡം മാത്രമാണ് ഇപ്പോൾ നമ്മൾക്ക് ലഭിക്കുന്നത് . ഒരു പക്ഷെ ഇന്നത്തെ പ്രേക്ഷകരുടെ അഭിരുചി അതുമാകാം .

വീണ്ടും മോഹൻലാൽ എന്ന നടന്റെ നടന വിസ്മയങ്ങൾക്കായി നമുക്ക് കാത്തിരിക്കാം….