പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആണ് And the Oscar goes to. തിയേറ്റർ വിട്ടിട്ടും പിന്തുടർന്നു വരുന്ന ചിത്രങ്ങളിൽ ഒന്നുകൂടി….

സിനിമ സംവിധാനം ചെയ്യാൻ മോഹിക്കുന്ന ഒരു വ്യക്തി, അയാൾ നേരിടുന്ന പ്രശ്‌നങ്ങളും, അതൊക്കെ നേരിട്ട് സിനിമ ചെയ്യുന്നതും, അതിന് ഒരുപാട് അംഗീകാരങ്ങൾ കിട്ടുന്നതും, മലയാള സിനിമക്ക് സ്വപ്നതുല്യമായ നേട്ടം നേടി കൊടുക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത്..

തന്റെ മുന്നിൽ കണ്ടവരുടെ ജീവിതങ്ങൾ സിനിമയാക്കുന്ന സംവിധായകൻ തന്റെ ജീവിതത്തിൽ നിന്ന് തന്നെ എടുത്ത കഥ യാതൊരു അതിഭാവുകത്വവും കൂടാതെ സ്ക്രീനിൽ എത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ ഉയരങ്ങളിൽ എത്തിയവർക്കും എത്താൻ കൊതിച്ചവർക്കും ഒക്കെ ഉണ്ട് ഓരോരോ കഷ്ടപ്പാടുകളുടെ കഥ. അതിന്റെയെല്ലാം ചെറിയ ഭാഗം എന്ന നിലയിൽ സിനിമ വളരെയധികം പ്രശംസ അർഹിക്കുന്നു…..

ഓരോ സിനിമകൾക്കും ശേഷം മികച്ച് വരുന്ന നടൻ എന്ന നിലയിൽ ടോവിനോക്ക് പെർഫോമൻസ് ചെയ്യാൻ ഉള്ള സ്പേസ് ഇവിടെ സംവിധായകൻ ഒരുക്കി കൊടുത്തിട്ടുണ്ട്. അത് മികച്ചതാക്കുക എന്ന കടമ ടോവിനോ നന്നായി തന്നെ ചെയ്തിട്ടുണ്ട് . സലിംകുമാറിന്റെ മൊയ്തുഇക്കയും സിദ്ധിഖിന്റെ പ്രിൻസും പ്രകടനത്തിൽ മികച് നിന്നു.

വിജയരാഘവൻ, ശ്രീനിവാസൻ, ലാൽ, വെട്ടുകിളി പ്രകാശൻ, ശരത്ത് അപ്പാനി, അനു സിത്താര, നിക്കി തുടങ്ങിയവർ ഒക്കെ അവരുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

മികച്ച ഫ്രയിമുകൾ അടങ്ങിയ മധു അമ്പാട്ടിന്റെ ഛായാഗ്രഹണം… വേണ്ടിടത് കത്രിക വെച്ച വിജയ് ശങ്കറിന്റെ എഡിറ്റിങ്ങും, കൂടെ ബിജിബാലിന്റെ സംഗീതവും ചേരുമ്പോൾ ഈ കൊല്ലം ഇറങ്ങിയ മികച്ച സിനിമകളിലേക് നീക്കി വെക്കാവുന്ന സിനിമ തന്നെയായി മാറുന്നുണ്ട് And the Oscar Goes to….

ടൈറ്റിൽ പ്രസന്റേഷനിൽ കിട്ടുന്ന നൊസ്റ്റാൾജിയ ഫീൽ തന്നെ അപാരമാണ്…. ഒരു ഓഫ് ബീറ്റ് സംവിധായകൻ എന്ന പേരിൽ കുടുങ്ങി കിടക്കേണ്ട ആളല്ല സലിം അഹമ്മദ് എന്ന് ഒന്നു കൂടെ തെളിയിക്കുന്ന ചിത്രം കൂടി ആണ് ഈ ചിത്രം.. ഇതിൽ പലരുടെയും യഥാർത്ഥ ജീവിതം കാണാം, സ്വപ്നങ്ങൾ കാണാം , വിജയിച്ചവര്‍ അഭിമുഖീകരിച്ച കഷ്ടതകളും കാണാം.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് And the Oscar goes to.

#Andtheoscargoestomalayalammovietovinoreview2019