പേരിന്റെ പുതുമ നൽകിയ ആകാംക്ഷ അണിയറ പ്രവര്‍ത്തകരിലേക്കും അഭിനേതാക്കളിലേക്കും നീങ്ങിയപ്പോള്‍ കാത്തിരിക്കാൻ ഒരു സുഖം നൽകിയ ചിത്രമാണ് ഉണ്ട..

ഛത്തീസ്ഗഡിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന 9 പോലീസുകാരുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളാണ് സിനിമയുടെ വിഷയം. മലയാളത്തിൽ ആരും പരീക്ഷിച്ചു നോക്കാത്ത വിഷയം വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഫോഴ്‌സിനെ അവിടേക്ക് എത്തിക്കാൻ ഉള്ള കഷ്ടപ്പാടുകളും പോലീസ് ഫോഴ്സിന്റെ ബുദ്ധിമുട്ടുകളും ഒക്കെ മികച്ച രീതിയിൽ തന്നെ സംവിധായകൻ പകർത്തി വെച്ചിട്ടുണ്ട്. സ്വാഭാവിക നർമങ്ങളും ഇമോഷണൽ സീനുകളും കൂടിയ ഒന്നാം പകുതി വളരെ വേഗത്തിൽ തന്നെ നീങ്ങുന്നുണ്ട്..

മമ്മുക്ക തന്റെ മറ്റൊരു പോലീസ് വേഷം കൂടെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അഭിനയിച്ചവർക്ക് എല്ലാവർക്കും പ്രകടനങ്ങൾക്ക് തുല്യമായി ഇടം നൽകിയപ്പോൾ ലുക്മാന്റെ റോൾ മികച്ചതായി തോന്നി.

മികച്ച രീതിയിൽ ഉള്ള ക്യാമറവർക്കും വേഗതയുള്ള എഡിറ്റിംഗും സിനിമയെ നല്ല രീതിയിൽ കൊണ്ടു പോകുന്നുണ്ട്… എടുത്ത് പറയേണ്ടത് പ്രശാന്ത് പിള്ളയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെ ആണ്. സിനിമയുടെ റിയലിസ്റ്റിക് അനുഭവത്തിനു പുറമേ മറ്റൊന്ന് കൂടെ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അവിടുത്തുകാരുടെ ജീവിതരീതിയും രാഷ്ട്രീയവും ഒക്കെ വ്യക്തമായി കാണിക്കുന്നതിൽ സിനിമ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. കള്ളവോട്ട് ചെയ്യുന്ന രീതിയും ഇലക്ഷൻ ഓഫീസർമാരുടെ നിസ്സഹായതയും ഒക്കെ ചിത്രത്തിൽ വന്നു പോകുന്നുണ്ട്…. അതിന് പുറമെ ക്യാമ്പിലുള്ളവരുടെ സുരക്ഷയിൽ വരുന്ന മേലുദ്യോഗസ്ഥരുടെ ഗൗരവമില്ലായ്മയും മികച്ച രീതിയിൽ തന്നെ വരച്ചു കാട്ടുന്നുണ്ട്.

നമ്മൾ കാണാത്ത ഒരു ജീവിതം ഉണ്ട് .അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ഉണ്ട് .മികച്ച ഒരു ടീം വർക്ക് നൽകുന്ന, കണ്ടറിയേണ്ട ഒരു തിയേറ്റർ എക്‌സ്പീരിയൻസ് തന്നെ ആണ് ഈ ചിത്രം.

#Malayalammovieundareview2019