ചില സിനിമകളെ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളോ അവശേഷിപ്പുകളോ ആയി കണക്കാക്കാറുണ്ട്. രാജേഷ് പിള്ളയുടെ ട്രാഫിക് മുതലിങ്ങോട്ട് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വരെ അത്തരത്തിൽ സമകാലീന ജീവിതത്തെ വരച്ചിടുന്ന ചിത്രങ്ങളാണ്. അതെ ഗണത്തിൽ പെടുത്താവുന്ന, അത്തരത്തിലുള്ള സമകാലീന ചിത്രങ്ങളോട് കൂടെ നിർത്താവുന്ന ഒരു സിനിമയാണ് ഇഷ്‌ക്കും. അക്ഷരാർത്ഥത്തിൽ ഇഷ്‌ക് പറയുന്നത് ഒരു പ്രണയകഥ തന്നെ ആണ്, നമ്മളൊക്കെ കടന്നു പോകുന്ന ഈ കാലഘട്ടത്തിലെ നേരായ, ഗിമ്മിക്കുകളൊന്നും ഇല്ലാത്ത ഒരു പ്രണയകഥ.

“ചില സിനിമകൾ കാലഘട്ടത്തോട് സംവദിക്കുകയും പോരായ്മകളെ ചൂണ്ടികാണിക്കാറുമുണ്ട് “, എന്നാൽ കേരളത്തിലെ ചില സദാചാര സംരക്ഷകരുടെ കരണകുറ്റിക്കു കൈനീട്ടി അടികുന്നിടത്താണ് ഇഷ്‌ക് വിജയിക്കുന്നതും അംഗീകരിക്കപ്പെടുന്നതും.

സമകാലീന കേരളം ഒരു വിപത്തായി ഈ അടുത്തകാലത്ത് നോക്കികണ്ടതും ചർച്ച ചെയ്തതുമായ ഒന്നാണ് സദാചാര ഗുണ്ടായിസം. ക്ലാസ്സിൽ ഒരു ബെഞ്ചിൽ അടുത്തിരുന്നാൽ മാതാപിതാക്കൾക്കു സമൻസ് ലെറ്റർ അയക്കുന്നിടത്തു തുടങ്ങി വാലെന്റൈൻസ് ഡേയിൽ ഫ്രണ്ടിന്റെ കൂടെ അടുത്തിരുന്നാൽ പുറകെ വീഴുന്ന കൊടികാലു കൊണ്ടുള്ള അടി വരെ അതെത്തി നിൽക്കുന്നു. ആ സദാചാര ഭീകരതക്ക് എതിരെ തന്നെയാണ് ഇഷ്‌ക് പറയുന്ന രാഷ്ട്രിയവും.

സദാചാര വാദികളുടെ കൈയിലകപ്പെടുന്ന നായകനും നായികയും അവനുഭവിക്കുന വീർപ്പുമുട്ടലും ആണ് ആദ്യപകുതിയെങ്കിൽ… അവരോടു നായകൻ ചെയുന്ന പ്രതികാരമാണ് രണ്ടാം പകുതി. എന്നാൽ അത് വെറും നായക പ്രതിനായക പകരം വീട്ടലുകൾക്കുമപ്പുറം സ്ത്രീപക്ഷത്തേക്കു കൂടി വഴിമാറുന്നിടത്താണ് ഇഷ്‌ക് എന്ന സിനിമ വെത്യസ്തമാകുന്നതും സ്വത്വബോധം കൈവരിക്കുന്നതും.

ഷൈൻ ടോം ചാക്കോ, മലയാള സിനിമക്ക് അയാളിൽ നിന്നു ഇനിയും ഒരുപാടു കിട്ടാനുണ്ട്. സമീപകാലത്തു ഒരു സിനിമയും മനസ്സിനെ ഇത്ര പിടിച്ചുലക്കുകയും ഒരു ക്രീപ്പി സ്റ്റേജിലേക് എത്തിക്കുകയും ചെയ്തിട്ടില്ല, ഇഷ്‌ക്കിന്റെ ആദ്യപകുതിക്കു അങ്ങനെ സാധിക്കുന്നെകിൽ അതു ഷൈനിന്റെ അഭിനയമികവുകൊണ്ടു മാത്രമാണ്. വളരെ കാലങ്ങൾക്കു ശേഷം കൃത്യമായി പറഞ്ഞാൽ ഇതിഹാസ എന്നാ ചിത്രത്തിന് ശേഷം ഷൈൻ ഇത്രെയും അഭിനയമികവ് വേറൊരു ചിത്രത്തിലും പുലർത്തിയതായി തോന്നിയിട്ടില്ല.

ഷെയിൻ നിഗം, ഒരു സാദാരണ പയ്യനിൽ തുടങ്ങി, അവസാനഭാഗങ്ങളിലെ സൈക്കിക് ബിഹേവിയറിലേക്കുള്ള ട്രാൻസ്ഫോർമേഷൻ, ഇടക്കിടെ മാറി മാറി വരുന്ന നിഷ്കളങ്കത, അതിലേക്കുള്ള ട്രാന്സിഷൻസ് എല്ലാം എത്ര അനായാസമായി ചെയ്തിരിക്കുന്നു. കൃതിർമത്വം ഒട്ടുമില്ലാതെ സച്ചിയെന്ന കഥാപാത്രത്തെ ഷെയിൻ കൈകാര്യം ചെയുമ്പോൾ ഒന്നുറപ്പാണ് നിങ്ങൾ ഭാവിയിൽ മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന നടന്മാരിൽ ഒരാളാകും താങ്കൾ എന്ന്.

ആൻ ശീതൾ, വസുധയെ നന്നായി തന്നെ അവതരിപ്പിച്ചു,പ്രണയരംഗങ്ങളിലെ ലാളിത്യവും, ഷൈനിന്റെ അടുത്ത് അകപ്പെടുബോഴുള്ള അമ്പരപ്പും പേടിയും എല്ലാം നന്നായി തന്നെ ആൻ കൈകാര്യം ചെയ്തു.ഷൈനിന്റെ ഭാര്യയായി വന്ന ലിയോനയും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

അനുരാജ് മനോഹർ, രതീഷ് രവി… ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ആഷിഖ് അബു , അൻവർ റഷീദ് തുടങ്ങിയവരുടെ ഇടയിലേക്ക് നിങ്ങളുടെ പേരും എടുത്തു വയ്ക്കുന്നു.പ്രണയവും ഭീതിയും പ്രതികാരവും ഒക്കെ ഇടകലർന്ന തിരക്കഥയുടെ അവതരണമികവ് പ്രെശംസിക്കപ്പെടേണ്ടത് തന്നെയാണ്.അതുവരെ ആണത്തത്തിന്റെ ഷോ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഇഷ്‌ക്കിൽ നിന്നു ആ ക്ലൈമാക്സ്‌ രംഗം ഒന്നുകൊണ്ടു മാത്രം സ്ത്രീപക്ഷ സിനിമയാക്കുന്ന ആ ജാലവിദ്യ വരവേൽകേണ്ടത് നിറഞ്ഞ കയ്യടികൾ കൊണ്ട് മാത്രമാണ്.

മലയാള സിനിമയിലെ സ്ഥിരം ശൈലികളെ പലയിടത്തും പൊളിച്ചെഴുതി, ഒരു സാമൂഹിക വിഷയത്തെ ചർച്ചചെയുന്നിടത്ത്‌, തങ്ങൾക്കു വ്യക്തമായ ഒരു നിലപാടുണ്ടെന്നും അതിലുറച്ചു നിൽക്കുമെന്നും പറയുന്നിടത്,ഇഷ്‌ക് ഈ വർഷം ഇറങ്ങിയ മലയാളസിനിമകളിൽ കാണേണ്ട ഒന്നായി മാറുന്നു.

#MalayalamMovieishquereview